National
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോയിൽ മുഖ്യമന്ത്രി സ്റ്റാലിനെ വെല്ലുവിളിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. ചീഫ് മിനിസ്റ്റർ സർ നിങ്ങൾക്ക് പകപോക്കാനുള്ള പദ്ധതികളുണ്ടെങ്കിൽ എന്നെ എന്തും ചെയ്തോളൂ. എന്റെ നേതാക്കളെയോ പ്രവർത്തകരെയോ തൊടരുത്.
ഞാൻ വീട്ടിലോ ഓഫീസിലോ കാണും. നിർദിഷ്ടസ്ഥലത്ത് പ്രസംഗിക്കുകയല്ലാതെ ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഞങ്ങളുടെ നേതാക്കൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തന്റെ രാഷ്ട്രീയയാത്ര കൂടുതൽ കരുത്തോടെ തുടരുമെന്നും വിജയ് പറഞ്ഞു.
വീഡിയോസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്ക്കെതിരേ ഡിഎംകെ വക്താവ് രംഗത്തെത്തി. ഇത് വിജയ്യുടെ പുതിയ തിരക്കഥയാണെന്നും ഇങ്ങനെയൊരു വീഡിയോ ഇറക്കാൻ നാലുദിവസമെടുത്തെന്നും ഡിഎംകെ വക്താവ് എ.ശരവണൻ പറഞ്ഞു.
കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്വം വിജയ് ഏറ്റെടുക്കണം. കാരണം അദ്ദേഹം നിയമങ്ങൾ ലംഘിച്ചതിനാലാണ് ദുരന്തം സംഭവിച്ചതെന്നും ശരവണൻ പറഞ്ഞു. അതേസമയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജയ്യുടെ വീഡിയോ സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി.
കരൂരിലേത് ദാരുണവും വേദനാജനകവുമായ സംഭവമാണെന്ന് ശശി തരൂർ പറഞ്ഞു. ആൾക്കൂട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ രാജ്യത്തെ സംവിധാനങ്ങളിൽ പാളിച്ചയുണ്ട്. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.
ബംഗളൂരുവിലെ സംഭവം ഓർക്കുന്നു. തിക്കിലും തിരക്കിലുംപെട്ട് കുട്ടികൾ മരിക്കുന്നത് ഹൃദയഭേദകമാണെന്നും ശശി തരൂർ പറഞ്ഞു.
National
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ വിജയ് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.
വിജയ് ഉച്ചയ്ക്ക് 12ന് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്ന് ഒരാൾ എക്സിൽ കുറിച്ചു. പോലീസേ, വിഡ്ഢിത്തം നിർത്തു, വിജയ്യെ അറസ്റ്റ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. 10,000 പേർ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകർ പറഞ്ഞത്.
എന്നാൽ ഒരു ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്താവ് സേലം ധരണീധരൻ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും ഓരോ ജീവനും നഷ്ടപ്പെട്ടതിനു കാരണക്കാരൻ വിജയ് ആണെന്നും അദ്ദേഹം ആരോപിച്ചു.
എന്തിനാണ് ഒരു നടനെ കാണാൻ ആളുകൾ അഞ്ചും ആറും മണിക്കൂർ കാത്തിരിക്കുന്നത്. നാമക്കലിൽ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ഈ മാന്യൻ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ. നാമക്കലിൽ നാലു മണിക്കൂർ വൈകിയാണെത്തിയത്.
കൊടുംവെയിലത്ത് മണിക്കൂറുകളോളം അയാളുടെ വരവും കാത്തുനിന്നതിനാലാണ് ആളുകൾ കുഴഞ്ഞുവീണത്. ദുരന്തമുണ്ടായപ്പോൾ വിജയ് ഒളിച്ചോടുകയാണ് ചെയ്തതെന്നും ധരണീധരൻ പറഞ്ഞു.